എങ്ങനെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം, എങ്ങനെ ബുക്ക് ചെയ്‌ത ടിക്കറ്റുകൾ റദ്ദ് ചെയ്യാം, വിദേശ യാത്രകൾ നടത്താൻ ഏറ്റവും അനുയോജ്യമായ എയർലൈൻ ഏതാണ്, വിലകുറഞ്ഞ ഫ്‌ളൈറ്റുകൾ എങ്ങനെ ലഭിക്കും തുടങ്ങി ഫ്ലൈറ്റുകളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ നമുക്ക് ഇൻറർനെറ്റിൽ ലഭ്യമാണ്. എന്നാൽ സുഖകരമായ യാത്രക്ക് എന്തൊക്കെയാണ് ചെയ്യേണ്ടത്, എന്തൊക്കെയാണ് ചെയ്യാൻ പാടില്ലാത്തത് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും ആരും അധികം പറയാറില്ല. ദീർഘ ദൂര യാത്രകളും മറ്റും യാത്രക്കാർക്ക് മാനസിക ശാരീരിക പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്നു. ഇത് പല കോമാളിത്തരങ്ങൾ കാണിക്കാനും അവരെ പ്രേരിപ്പിക്കുന്നു. ഇത്തരം കോമാളിത്തരങ്ങൾ നിങ്ങളുടെ സഹയാത്രികർക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കാൻ ഇടയുണ്ട്. ഔദ്യോഗിക നിയമങ്ങൾ ഒന്നും ഇല്ല എങ്കിലും, ഫ്ലൈറ്റുകളിൽ പാലിക്കേണ്ട സാമാന്യ മര്യാദ കണക്കിലെടുത്ത് ഫ്ലൈറ്റുകളിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
ഫ്ലൈറ്റിനുള്ളിൽ കുടുംബമായി യാത്ര ചെയ്യുന്ന യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. ഒരിക്കലും നിങ്ങളുടെ കുട്ടികളെ അലക്ഷ്യമായി ഫ്ലൈറ്റിനുള്ളിൽ ചുറ്റി തിരിയാൻ അനുവദിക്കാതിരിക്കുക. കുട്ടികളുടെ കരച്ചിലും മറ്റും പൊതുവെ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുകൊണ്ട്, കുട്ടികൾ അലറി വിളിക്കാനോ കരയാനോ ഉള്ള സാഹചര്യം ഉണ്ടാവുന്നത് കഴിവതും ഒഴിവാക്കുക. അത് മാത്രമല്ല, കുട്ടികൾ ഇടനാഴിയിലൂടെ ഓടുമ്പോൾ പരിക്കേൽക്കാൻ സാധ്യത കൂടുതലാണ്. ഇത്തരത്തിൽ പരിക്കേൽക്കുന്നതും കരച്ചിലിലേയ്ക്ക് വഴി വെയ്ക്കാം.
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഷൂസും സോക്‌സും ഒക്കെ അഴിച്ച് മുന്നിലുള്ള സീറ്റുകളിൽ ചവിട്ടി കാലുകൾ ആയാസരഹിതമായി വയ്ക്കുന്ന നിരവധി യാത്രക്കാരുണ്ട്. എന്നാൽ ഇത് ആരോഗ്യകരമായ ഒരു രീതി അല്ല. കാരണം, ഷൂസും സോക്‌സും ഉപയോഗിക്കുന്ന ആളുകളുടെ പാഠങ്ങൾ വേഗം വിയർക്കുകയും അത് അസഹനീയമായ ദുർഗന്ധം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഷൂസുകൾ അഴിച്ച് മാറ്റുമ്പോൾ, വായുസഞ്ചാരമില്ലാത്ത ഫ്ലൈറ്റുകളിൽ ഈ അസഹനീയ ദുർഗന്ധം വ്യാപിക്കുകയും അത് സഹയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ ഇത്തരം പ്രവർത്തികൾ ഒഴിവാക്കുക. കൂടാതെ നഗ്‌നമായ കാലുകൾ ഉപയോഗിച്ച് വിമാനത്തിനുള്ളിൽ നടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന കാര്യമാണ്.
ഒരു നല്ല യാത്രക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് ചെയ്യാനാകുന്ന ഏറ്റവും മികച്ച കാര്യമാണ് മദ്യമോ മറ്റെന്തെങ്കിലും ലഹരി വസ്തുക്കളോ ഉപയോഗിച്ച ശേഷം വിമാനയാത്രകൾ നടത്താതിരിക്കുക എന്നുള്ളത്. യാത്ര ചെയ്യുമ്പോഴുള്ള പിരിമുറുക്കം കുറയ്ക്കാൻ മദ്യം പോലുള്ള ലഹരി വസ്തുക്കൾ നിങ്ങളെ സഹായിക്കുമെന്ന ഉദ്ദേശത്തിലാവും നിങ്ങൾ മദ്യപിക്കുക. എന്നാലിത് നിങ്ങളുടെ ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുകയും പലപ്പോഴും അത്,സഹയാത്രികരോട് മോശമായി പെരുമാറാൻ കാരണമാവുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ യാത്രയ്ക്കിടയിൽ മദ്യമോ മറ്റു ലഹരികളോ ഒഴിവാക്കുക.
എല്ലാ വിമാനങ്ങളിലും സിഗരറ്റുകൾ, ഇ-സിഗരറ്റുകൾ എന്നിവയുടെ ഉപയോഗം കർശനമായും നിരോധിച്ചിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ ശൗചാലയങ്ങൾ പുകമുറികൾ ആക്കാം എന്ന് ചിന്തിക്കുന്ന യാത്രക്കാരുണ്ടാവും. എന്നാൽ ഫ്ലൈറ്റിൽ ഉടനീളം സ്ഥാപിച്ചിട്ടുള്ള സ്‌മോക്ക് ഡിറ്റക്ടറുകൾ പുകയുടെ സാന്നിധ്യം തിരിച്ചറിയുകയും നിങ്ങൾ പിടിക്കപ്പെടുകയും ചെയ്യും. ഇത് നിങ്ങൾക്ക് നിയമനടപടികൾ നേരിടാനുള്ള ഇടയുണ്ടാക്കും. അതുകൊണ്ട് ഫ്ലൈറ്റുകളിൽ പുകവലിൽ ഒഴിവാക്കുക.
മോഷൻ സിക്ക്നെസ്സ് ഉള്ള യാത്രക്കാർ പുറകിലെ സീറ്റുകളിൽ യാത്ര ചെയ്യുന്നത് ഛർദ്ദിൽ, തലകറക്കം പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നതിനാൽ അത്തരം സീറ്റുകൾ ഒഴിവാക്കി മുൻ നിരയിൽ ഇരിക്കാൻ ശ്രദ്ധിക്കണം. യാത്രയ്ക്കിടയിൽ കൊഴുപ്പ് കൂടുതലുള്ളതും, വറുത്തതുമായ ഭക്ഷണ സാധനങ്ങൾ കഴിവതും ഒഴിവാക്കുക.
ദീർഘദൂര യാത്രയ്ക്കിടയിൽ സീറ്റുകളിൽ മട്ട് കുത്തുന്നതും മുന്നിലുള്ള സീറ്റുകളിൽ ചവിട്ടുന്നതും ഒഴിവാക്കുക. അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ട്ടിക്കും. നിങ്ങൾക്ക് കൂടുതൽ സ്ഥലം ആവശ്യമാണെങ്കിൽ അധിക തുക നൽകി ലെഗ്‌റൂം സ്പേസ് വാങ്ങാവുന്നതാണ്.
തികച്ചും ബുദ്ധിശൂന്യവും അധഃപതിച്ചതുമായ ഒരു പെരുമാറ്റ രീതിയാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉയർന്ന ശബ്ദത്തിൽ പ്രവർത്തിപ്പിക്കുക എന്നത്. ദീർഘദൂര യാത്രകൾ ആയത്കൊണ്ട് തന്നെ, യാത്രക്കാരിൽ പലരും ഉറങ്ങാനും മറ്റും താല്പര്യപ്പെടുന്നവർ ആയിരിക്കും. ഈ സാഹചര്യത്തിൽ ഉയർന്ന ശബ്ദം കേൾക്കുന്നത് അരോചകമായി തീരും. അതിനാൽ ഹെഡ്‍ഫോണുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
അത്യാവശ്യ സാധനങ്ങൾ ഇല്ലാത്ത ബാഗുകൾ മാത്രമേ ഓവർഹെഡ് ബിന്നിൽ വെയ്ക്കാൻ പാടുള്ളു. ഇടയ്ക്ക് ഇടയ്ക്ക് ബാഗ് തുറന്ന് സാധനങ്ങൾ എടുക്കുന്നത് ഇടനാഴിയിലെ വഴിയിൽ തടസ്സം സൃഷ്ടിക്കുന്നു എന്ന് മാത്രമല്ല, അത് നിങ്ങൾക്കും മറ്റുള്ളവർക്കും പരുക്കുകൾ നിൽക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
ചെരുപ്പില്ലാത്ത കാലുകൾ കൊണ്ട് ആം റെസ്റ്റിൽ തൊടുന്നതും, ആം റെസ്റ്റിനു മുകളിൽ കാലുകൾ വെയ്ക്കുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്.
ഫ്ലൈറ്റ് യാത്രയ്ക്കിടയിൽ കാർബൺ ഡൈ ഓക്സൈഡ് അടങ്ങിയ ശീതള പാനീയങ്ങൾ തുടർച്ചയായി കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇത്, കുടലിൽ വായു കൂടാൻ കാരണമാവുകയും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ശീതള പാനീയങ്ങൾക്ക് പകരം വെള്ളമോ പഴച്ചാറുകളോ കുടിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം.
ഫ്ലൈറ്റുകളിൽ ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് മിഡ്‌ഫ്ലൈറ്റ് ഡോറുകൾ തുറക്കുക എന്നത്. സമാനമായ സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുള്ളതുകൊണ്ടും, ഈ പ്രവൃത്തി അപകടങ്ങൾക്ക് വഴി വയ്ക്കുന്നത് കൊണ്ടും ഇങ്ങനെ ചെയ്യുന്ന യാത്രക്കാരിൽ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കുകയോ 10 വർഷം വരെ തടവ് വിധിക്കുകയോ ചെയ്യും.
ദീർഘദൂര യാത്രകൾ വേണ്ടി വരുമ്പോൾ സീറ്റുകളിൽ നിന്ന് അനങ്ങാതെ ഒറ്റ ഇരിപ്പിനു യാത്ര പൂർത്തിയാക്കാൻ പാടില്ല. ഇത് രക്തയോട്ടം കുറയ്ക്കുകയും കട്ട പിടിക്കാൻ കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ എഴുന്നേറ്റ് നിൽക്കുകയും കാലുകൾക്ക് വ്യായാമം നൽകുകയും വേണം. രക്തയോട്ടം ലഭിക്കാനായി കംപ്രഷൻ സോക്‌സുകൾ ഉപയോഗിക്കുക.
സുഗമവും സുഖപ്രദവുമായ യാത്ര ആണ് എല്ലാ യാത്രക്കാരുടെയും സുപ്രധാന ലക്‌ഷ്യം. എയർലൈനുകൾ ഇക്കാര്യത്തിന് വളരെ അധികം പ്രാധാന്യം നൽകുന്നുമുണ്ട്. എന്നാൽ അവരോടൊപ്പം യാത്രക്കാരും നന്നായി ഇടപെട്ടാൽ മാത്രമേ, നല്ലൊരു യാത്ര സാധ്യമാവുകയുള്ളൂ. സ്വന്തമായും മറ്റുള്ളവർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ യാത്ര ചെയ്യാൻ നിങ്ങൾ മുകളിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായും പിന്തുടരേണ്ടത് ആണ്.