"ദൈവത്തിന്റെ സ്വന്തം നാട്", "നാളികേരത്തിന്റെ നാട്", "ഇന്ത്യയുടെ സുഗന്ധവ്യഞ്ജനത്തോട്ടം" തുടങ്ങിയ വിശേഷണങ്ങൾ ഉള്ള കേരളം, ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സംസ്ഥാനങ്ങളിൽ ഒന്നാണ്. സംസ്ക്കാരസമ്പന്നത, പ്രകൃതിഭംഗി, വേറിട്ട ഭക്ഷണ സംസ്ക്കാരം, കലാരൂപങ്ങൾ എന്നിവയൊക്കെ കൊണ്ട് ലോകശ്രദ്ധ ആകർഷിച്ച ഇടമാണ് ഇന്ത്യയുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഈ കൊച്ചുകേരളം. വനങ്ങളും, പുഴകളും, മലകളും, തീരപ്രദേശങ്ങളും, കായലുകളുമെല്ലാം കൂടിച്ചേർന്ന കേരളത്തിന്റെ വേറിട്ട ഭൂപ്രകൃതിയും ഉപോഷ്ണമേഖല കാലാവസ്ഥയും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചരികളെ കേരളത്തിലേയ്ക്ക് ആകർഷിക്കുന്നു. ലോകപ്രശസ്തി ആർജ്ജിച്ച കലാരൂപങ്ങളായ കഥകളിയും മോഹിനിയാട്ടവുമൊക്കെ ലോകചരിത്രത്തിൽ കേരളത്തിന്റെ കയ്യൊപ്പ് പതിയാൻ സഹായകമായവയാണ്. കേരളത്തെ ഇന്ത്യയിലെയും തെക്കുപടിഞ്ഞാറൻ തീരങ്ങളിലെയും മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതിൽ അവിടത്തെ ആയുർവേദ ചികിത്സകൾ, പുനരുജ്ജീവിപ്പിക്കുന്ന സ്പാകൾ എന്നിവയ്ക്കുള്ള പങ്കും വളരെ വലുതാണ്. കേരളത്തിൽ സന്ദർശിക്കാനാവുന്ന മികച്ച സ്ഥലങ്ങളെ കുറിച്ചും, അവയുടെ പ്രത്യേകതകളെക്കുറിച്ചുമാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.
വള്ളത്തിന്റെയും വെള്ളത്തിന്റെയും നാടായ ആലപ്പുഴ, നിരവധി കായലുകളും, തുരുത്തുകളും, പാടങ്ങളുമൊക്കെയായി ഏതൊരു യാത്രക്കാരന്റെയും മനം കവരുന്ന വിനോദസഞ്ചാരകേന്ദ്രമാണ്. "കിഴക്കിന്റെ വെനീസ്" എന്നറിയപ്പെടുന്ന ആലപ്പുഴയിൽ മനോഹരമായ കടൽത്തീരങ്ങളും ഉണ്ട്. വള്ളം കളിക്ക് പേരുകേട്ട ആലപ്പുഴയിലേക്ക് സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഇവിടുത്തെ ബോട്ട് യാത്രയും, ആയുർവേദ ചികിത്സയും, സ്പാകളും പകരം വയ്ക്കാനാവാത്ത ഭക്ഷണരുചികളുമാണ്. വേമ്പനാട്ട് കായലിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര ആസ്വദിക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് യാത്രക്കാർ ആലപ്പുഴയിലേക്ക് എത്തുന്നത്. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന, സമുദ്രനിരപ്പിൽ നിന്ന് താഴെയായി സ്ഥിതി ചെയ്യുന്ന കുട്ടനാടും ആലപ്പുഴയിലെ മറ്റൊരു പ്രത്യേകതയാണ്.
സന്ദർശിക്കാൻ അനുയോജ്യമായ സമയം: ഒക്ടോബർ മുതൽ ഫെബ്രുവരി വരെ. തെക്ക് പടിഞ്ഞാറൻ മൺസൂൺ സമയങ്ങളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതകൾ ഏറെ ആയതിനാൽ ഈ സമയങ്ങളിൽ സന്ദർശനം ഒഴിവാക്കേണ്ടതാണ്.
തൊട്ടടുത്ത വിമാനത്താവളം: കൊച്ചി അല്ലെങ്കിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ: ആലപ്പുഴ
കേരളത്തിലെ തെക്കേയറ്റത്തായാണ് ‘തെക്കിന്റെ പറുദീസ’ എന്നറിയപ്പെടുന്ന കോവളം സ്ഥിതിചെയ്യുന്നത്. ആയുർവേദ ചികിത്സയ്ക്കും, സ്പാകൾക്കും പ്രസിദ്ധമായ കോവളം അറബിക്കടലിന്റെ തീരത്തുള്ള മനോഹരമായ തീരപ്രദേശമാണിത്. നിരവധി റിസോട്ടുകളാൽ ചുറ്റപ്പെട്ട ഈ സ്ഥലം ആയുർവേദ ചികിത്സകൾക്കായും വാട്ടർ സ്‌പോർട് സാഹസികതകൾക്കായും ധാരാളം വിദേശികളെ ആകർഷിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.
സന്ദർശിക്കാൻ അനുയോജ്യമായ സമയം: സെപ്റ്റംബർ - മാർച്ച് മാസങ്ങൾ
തൊട്ടടുത്ത വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ: തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമായ ജടായു പക്ഷി ശിൽപ്പം സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജടായു പാറയിലാണ്. രാമായണത്തിൽ രാവണൻ, സീതയെ തട്ടിക്കൊണ്ടു പോകുമ്പോൾ, രാവണന്റെ വെട്ടേറ്റ് ജടായു വീണത് ഈ പാറയിലാണെന്നാണ് ഐതിഹ്യം. സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ഈ പക്ഷി ശില്പം ലോക ടൂറിസം ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സാഹസികത ഇഷ്ട്ടപ്പെടുന്ന യാത്രക്കാർക്ക് ഏറ്റവും മികച്ച അനുഭവമായിരിക്കും ജടായു എർത്ത്സ് സെന്റർ സന്ദർശിക്കുന്നതിലൂടെ ലഭിക്കുന്നത്.
സന്ദർശിക്കാൻ അനുയോജ്യമായ സമയം: നവംബർ - ഫെബ്രുവരി മാസങ്ങളിൽ തണുത്ത കാലാവസ്ഥയായതിനാൽ ജടായു പാറ സന്ദർശിക്കാൻ ഏറ്റവും മികച്ചത് ഈ സമയങ്ങൾ ആണ്.
തൊട്ടടുത്ത വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ: പുനലൂർ റെയിൽവേ സ്റ്റേഷൻ
ലോകത്തിലെ മുൻനിര പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗവി, പ്രകൃതിസ്നേഹികളും സാഹസികരുമായ സഞ്ചാരികളെ ആകർഷിക്കുന്ന, പത്തനംതിട്ട ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രമാണ്. കുന്നുകളും, സമതലങ്ങളും, ചോലക്കാടുകളും, പുൽമേടുകളും, വെള്ളച്ചാട്ടങ്ങളും ഒക്കെയായി പ്രകൃതി ഭംഗി തുളുമ്പി നിൽക്കുന്ന ഗവി വിവിധ സസ്യജന്തുജാലങ്ങളാൽ സമൃദ്ധമാണ്. വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകളേയും വരയാടുകളേയും വേഴാമ്പൽ ഉൾപ്പെടെയുള്ള നിരവധി പക്ഷികളെയും ഇവിടെ നിങ്ങൾക്ക് കാണാനാകും. ലോകപ്രശ്‌സത തീർത്ഥാടന കേന്ദ്രമായ ശബരിമല ഗവിയുടെ തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്.
സന്ദർശിക്കാൻ അനുയോജ്യമായ സമയം: സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ
തൊട്ടടുത്ത വിമാനത്താവളം: മധുര (തമിഴ്‌നാട്) അല്ലെങ്കിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ: കോട്ടയം
"അറബിക്കടലിന്റെ റാണി" എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊച്ചി, പാശ്ചാത്യ സംസ്ക്കാരത്തിന്റെ സമ്മിശ്രമായ സത്തുകൾ ഉൾക്കൊള്ളുന്ന ഒരു വ്യാവസായിക നഗരമാണ്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ കൊളോണിയൻ കാലത്തെ അനുസ്മരിപ്പിക്കുന്ന നിരവധി കെട്ടിടങ്ങളും, കോട്ടകളും, പള്ളികളുമൊക്കെ കാണാനാകും. തുറമുഖ നഗരിയായ കൊച്ചി, മത്സ്യബന്ധനത്തിനും പേരുകേട്ട ഇടം തന്നെ. പോർച്ചുഗീസ്, ബ്രിട്ടീഷ്, ഡച്ച്, ഫ്രഞ്ച് സംസ്ക്കാരത്തിന്റെ സ്വാധീനം കൊച്ചിയിൽ നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കും.
സന്ദർശിക്കാൻ അനുയോജ്യമായ സമയം: ഒക്ടോബർ മുതൽ ഫെബ്രുവരി വരെ
തൊട്ടടുത്ത വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ: എറണാകുളം ജങ്ഷൻ
"തെക്കേ ഇന്ത്യയുടെ കശ്മീർ" എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷനാണ് മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങളും, സമൃദ്ധമായ സുഗന്ധവ്യഞ്ജനതോട്ടങ്ങൾക്കും പുറമെ, മലനിരകളുടെ പച്ചപ്പും സൗന്ദര്യവുമൊക്കെയാണ് മൂന്നാറിനെ കൂടുതൽ മനോഹരമാക്കുന്നത്. തണുത്ത കാലാവസ്ഥയും പ്രകൃതിഭംഗിയും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന മൂന്നാറിൽ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ 3 പുഴകൾ സംഗമിക്കുന്നതിനാലാണ് ഈ സ്ഥലത്തിന് മൂന്നാർ എന്ന് പേര് വന്നത്.
സന്ദർശിക്കാൻ അനുയോജ്യമായ സമയം: ഒക്ടോബർ- ഫെബ്രുവരി
തൊട്ടടുത്ത വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ: ആലുവ
ഇന്ത്യയുടെ ടൂറിസം മേഖലയിൽ കേരളത്തിന്റെ സംഭാവന വളരെ വലുതാണ്. ആഭ്യന്തര, അന്താരാഷ്ട്ര സഞ്ചാരികളെ കേരളത്തിലേയ്ക്ക് ആകർഷിക്കുന്നതിൽ അതിന്റെ ഭൂപ്രകൃതിക്കും, കാലാവസ്ഥയ്ക്കും, സംസ്ക്കാരത്തിനുമോക്കെയുള്ള പങ്ക് വളരെ വലുതാണ്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും സന്ദർശിച്ചിരിക്കേണ്ട കേരളത്തിലെ സ്ഥലങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്. സന്ദർശിക്കുമ്പോൾ, ഈ സ്ഥലങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്ന ആകർഷണങ്ങൾ, സ്ഥലങ്ങൾ സന്ദർശിക്കാൻ അനുയോജ്യമായ സമയം, നിങ്ങൾക്ക് ഈ സ്ഥലങ്ങളിൽ എത്തിച്ചേരാൻ സാധിക്കുന്ന ഏറ്റവും എളുപ്പമുള്ള മാർഗ്ഗം എന്നീ വിവരങ്ങൾ അടക്കം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളം സന്ദർശിക്കാൻ ആഗ്രഹമുള്ള യാത്രക്കാർ ഈ വിവരങ്ങൾ മനസ്സിലാക്കി, കൃത്യമായ ആസൂത്രണത്തോട് കൂടി മാത്രം സന്ദർശിക്കാൻ ശ്രദ്ധിക്കുക.